08:51pm 26 November 2026
NEWS
സർക്കാർ ആശുപത്രികളിൽ ആറര വർഷത്തിനിടെ 6,581 ശ്വാസകോശ അർബുദ കേസുകൾ; 913 മരണം; ഡൽഹിയിൽ സ്ഥിതി അതീവ ​ഗുരുതരം
26/11/2026  04:07 PM IST
nila
സർക്കാർ ആശുപത്രികളിൽ ആറര വർഷത്തിനിടെ 6,581 ശ്വാസകോശ അർബുദ കേസുകൾ; 913 മരണം; ഡൽഹിയിൽ സ്ഥിതി അതീവ ​ഗുരുതരം

ഡൽഹിയിലെ വായുമലിനീകരണം ഗുരുതര ആരോഗ്യപ്രശ്നമായി മാറുന്നതിനിടെ, തലസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ ആറര വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,581 ശ്വാസകോശ അർബുദ കേസുകൾ. രോഗബാധയെ തുടർന്ന് 913 പേർ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിലെ ശ്വാസകോശ അർബുദ നിരക്കിലെ വർധന സംബന്ധിച്ച് പിടിഐ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുകളുള്ളത്.

എയിംസ്, റാം മനോഹർ ലോഹ്യ ആശുപത്രി, ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള കണക്കുകളാണ് പ്രധാനമായും പുറത്തുവന്നത്. 2021 ജനുവരി ഒന്നുമുതൽ 2026 ജൂലൈ 31 വരെയുള്ള വിവരങ്ങളാണ് ശേഖരിച്ചത്. സഫ്ദർജങ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ കണക്ക് ലഭ്യമായിട്ടില്ലെങ്കിലും ശ്വാസകോശ അർബുദം മൂലമുള്ള 393 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് ആശുപത്രികളിലെയും കണക്കുകൾ പ്രകാരം ആകെ മരണസംഖ്യ 913 ആണ്.

എയിംസിൽ 2020 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 4,860 ശ്വാസകോശ അർബുദ കേസുകളും 158 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 2020 ജനുവരി മുതൽ 2026 ജൂലൈ വരെ 1,613 കേസുകൾ സ്ഥിരീകരിച്ചു. 2021-ൽ രണ്ട് കുട്ടികളിലും ശ്വാസകോശ അർബുദം കണ്ടെത്തിയിരുന്നു. ആറര വർഷത്തിനിടെ 351 സ്ത്രീകൾക്കും രോഗം സ്ഥിരീകരിച്ചു. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഇതേ കാലയളവിൽ 108 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

വായുമലിനീകരണവും പ്രധാന വില്ലൻ

പുകവലിയും ജനിതക ഘടകങ്ങളും മാത്രമല്ല ഡൽഹിയിൽ ശ്വാസകോശ അർബുദം വർധിക്കുന്നതിന് പിന്നിലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അന്തരീക്ഷത്തിലെ ഉയർന്ന തോതിലുള്ള മലിനീകരണവും രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ദീർഘകാലം മലിനമായ വായു ശ്വസിക്കുന്നത് ശ്വാസകോശത്തെ ബാധിക്കുകയും അർബുദ സാധ്യത ഉയർത്തുകയും ചെയ്യാം. പുകവലിക്കാത്ത സ്ത്രീകളിൽ പോലും രോഗം കണ്ടെത്തുന്നതിന് ജനിതക ഘടകങ്ങൾക്കൊപ്പം വായുമലിനീകരണവും കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ശ്വാസകോശ അർബുദം: അറിയേണ്ട കാര്യങ്ങൾ

ശ്വാസകോശത്തിലെ കോശങ്ങൾ അസാധാരണമായി വളർന്ന് നിയന്ത്രണാതീതമാകുമ്പോഴാണ് ശ്വാസകോശ അർബുദം ഉണ്ടാകുന്നത്. പ്രധാനമായും നോൺ സ്മോൾ സെൽ ലംഗ് കാൻസർ (NSCLC), സ്മോൾ സെൽ ലംഗ് കാൻസർ (SCLC) എന്നിങ്ങനെ രണ്ടായി ഇതിനെ തരംതിരിക്കുന്നു. ഇതിൽ NSCLC ആണ് കൂടുതലായി കണ്ടുവരുന്നത്. താരതമ്യേന സാവധാനത്തിലാണ് ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്. എന്നാൽ SCLC വളരെ വേഗത്തിൽ പടരാൻ സാധ്യതയുള്ള അർബുദമാണ്. പലപ്പോഴും രോഗം പുരോഗമിച്ച ഘട്ടത്തിലെത്തുമ്പോഴാണ് വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാകുന്നത്.

പുകവലിയാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കുന്നതും അപകടസാധ്യത വർധിപ്പിക്കും. റാഡോൺ വാതകവുമായുള്ള സമ്പർക്കം, ആസ്ബറ്റോസ്, ചിലതരം റേഡിയേഷൻ, കുടുംബത്തിലെ അർബുദ ചരിത്രം, വായുമലിനീകരണം എന്നിവയും രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

ദീർഘകാലം വിട്ടുമാറാത്ത ചുമ

കഫത്തിൽ രക്തത്തിന്റെ അംശം കാണുക

ശ്വാസംമുട്ടൽ, ശ്വാസതടസ്സം

നെഞ്ചുവേദന

ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ അണുബാധകൾ ആവർത്തിക്കുക

ശബ്ദത്തിൽ മാറ്റം അല്ലെങ്കിൽ തൊണ്ടയടപ്പ്

വിശപ്പില്ലായ്മ

കാരണമില്ലാത്ത ശരീരഭാരക്കുറവ്

അസാധാരണമായ ക്ഷീണം

ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണം. പ്രത്യേകിച്ച് നീണ്ടുനിൽക്കുന്ന ചുമയോ കഫത്തിൽ രക്തത്തിന്റെ അംശമോ ഉണ്ടെങ്കിൽ പരിശോധന വൈകിക്കരുത്.

രോഗനിർണയവും ചികിത്സയും

ശ്വാസകോശ അർബുദം കണ്ടെത്തുന്നതിനും രോഗം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തുന്നതിനും വിവിധ പരിശോധനകൾ നടത്താറുണ്ട്. നെഞ്ചിന്റെ എക്സ്-റേ, ബയോപ്സി, ഫൈൻ നീഡിൽ ആസ്പിറേഷൻ സൈറ്റോളജി (FNAC), PET സ്കാൻ തുടങ്ങിയവ രോഗനിർണയത്തിന് സഹായിക്കും. രോഗിയുടെ ആരോഗ്യസ്ഥിതിയും അർബുദത്തിന്റെ ഘട്ടവും അനുസരിച്ചായിരിക്കും തുടർചികിത്സ തീരുമാനിക്കുന്നത്.

ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയവയാണ് പ്രധാന ചികിത്സാരീതികൾ. ചില രോഗികളിൽ ഒന്നിലധികം ചികിത്സകൾ സംയോജിപ്പിക്കേണ്ടിവരും. രോഗം നേരത്തേ കണ്ടെത്താനായാൽ ചികിത്സാഫലം മെച്ചപ്പെടാനും പൂർണമായി ഭേദമാക്കാനുള്ള സാധ്യത വർധിക്കാനും കഴിയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img